Friday, October 12, 2012
Saturday, October 6, 2012
Thursday, October 4, 2012
KGTE Malayalam Word Processing Speed Question - 04-10-2012
ഹാം റേഡിയോ
വിനോദം, സന്ദേശവിനിമയം, പരീക്ഷണം, പഠനം, അടിയന്തരസന്ദർഭങ്ങളിലെ വാർത്താവിനിമയം
തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് സ്വകാര്യവ്യക്തികൾ
നടത്തുന്ന റേഡിയോ സന്ദേശവിനിമയത്തെയാണ് ഹാം റേഡിയോ അഥവാ അമേച്വർ റേഡിയോ എന്നു പറയുന്നത്.
രാജകീയ വിനോദമെന്നും ഹാം റേഡിയോ അറിയപ്പെടുന്നു. ഹാം റേഡിയോ ഉപയോഗിച്ച് ആശയ വിനിമയം
നടത്തുന്നവർ ഹാം എന്നറിയപ്പെടുന്നു. ലോകവ്യാപകമായി ഇരുപതുലക്ഷത്തോളമാളുകൾ ഹാം റേഡിയോ
പതിവായി ഉപയോഗിക്കുന്നുവെന്ന് കണക്കാക്കുന്നു. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവുമ്പോൾ വൈദ്യുതിയും സാധാരണ ഉപയോഗത്തിലുള്ള
വാർത്താവിനിമയ ഉപാധികളും താറുമാറാകുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയുള്ള ഹാമുകൾ അവരുടെ ഉപകരണങ്ങളുപയോഗിച്ച്
പുറം ലോകവുമായുള്ള ബന്ധം നിലനിർത്താൻ സഹായിക്കാറുണ്ട്. ഒരു റേഡിയോ സ്വീകരണി ഉപയോഗിച്ച് ആർക്കും ഹാം സന്ദേശങ്ങൾ സ്വീകരിക്കാമെങ്കിലും
സന്ദേശങ്ങൾ അയക്കുന്നതിന് പല രാജ്യങ്ങളിലും സർക്കാർ അനുമതി ആവശ്യമുണ്ട്. ഇന്റർനാഷണൽ
ടെലിക്കമ്യൂണിക്കേഷൻ യൂണിയനാണ് രാജ്യവ്യാപകമായി ഹാം റേഡിയോ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
വ്യക്തികൾക്ക് പ്രവർത്തനാനുമതി നൽകുന്നത് അതാതു രാജ്യങ്ങളാണ്. ഹാമുകൾ പരസ്പരം തിരിച്ചറിയുന്നതിന്
കോൾ സൈൻ എന്ന ഒരു വാക്യമുപയോഗിച്ചാണ്. പ്രവർത്തനാനുമതി ലഭിക്കുന്നതിനൊപ്പം കോൾസൈനും
ലഭിക്കുന്നു.
ഇന്ത്യയിൽ ഇതുവരെ 25000 അധികം ഹാമുകൾ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ 2004 ഡിസംബർ 25-നു ഉണ്ടായ സുനാമി ആക്രമണത്തിൽ
ആൻഡമാൻ നിക്കോബർ ദ്വീപുകളിൽ നിന്നും ഹാം റേഡിയോ ഉപയോഗിച്ചായിരുന്നു വാർത്താവിനിമയം
നടത്തിയത്. (Lower – 1318) ഗുജറാത്ത് ഭൂചലനസമയത്തും ഹാം റേഡിയോ ആയിരുന്നു മുഖ്യമായും
വാർത്താവിനിമയത്തിനായി ഉപയോഗിച്ചത്. ഇന്ത്യയിൽ വയർലസ് സെറ്റുകൾ ഉപയോഗിക്കുവാനായി സർക്കാരിൽ
നിന്നും ലൈസൻസ് കരസ്ഥമാക്കണം. ഭാരത സർക്കാരിന്റെ വാർത്താവിനിമയ മന്ത്രാലയം നൽകുന്ന
അനുമതിയാണ് ഇതിനു വേണ്ടത്. പരീക്ഷയ്ക്ക് വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിച്ചിട്ടില്ല. മൂന്നു
വിഷയങ്ങൾ അടങ്ങുന്ന അധികം ബുദ്ധിമുട്ടില്ലാത്ത ഒരു ചെറിയ പരീക്ഷയാണുള്ളത്. മോഴ്സ് കോഡ്
(അയക്കലും സ്വീകരിക്കലും), വാർത്താവിനിമയ രീതികൾ, പ്രാഥമിക ഇലക്ട്രോണിക്സ് അറിവ് ഇവയാണ് വിഷയങ്ങൾ.
കേരളത്തിൽ കേന്ദ്ര വാർത്താ
വിനിമയ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്തുള്ള മോണിറ്ററിങ്ങ് സ്റ്റേഷനാണ് ഹാം റേഡിയോ
അനുമതിക്കായുള്ള പരീക്ഷ നടത്തുന്നത്. സാധാരണ രണ്ടുബാൻഡുള്ള റേഡിയോസ്വീകരണി ഉപയോഗിച്ച്
ഹാം റേഡിയോ സന്ദേശങ്ങൾ കേൾക്കാൻ സാധിക്കും. (Higher – 2043) അവയിൽ 40 മീറ്ററിൽ ട്യൂൺ ചെയ്താൽ ചെറുതായി സംഭാഷണം കേൾക്കാം. റേഡിയോയുടെ
ഏരിയലിൽ അൽപം വയർകൂടി വലിച്ചുകെട്ടിയാൽ സംഭാഷണം വ്യക്തമായി കേൾക്കുവാൻ സാധിക്കും.
Wednesday, October 3, 2012
KGTE Malayalam Word Processing Speed Question - 03/10/2012
മോണോലിത്തിക്ക് കെർണൽ
കമ്പ്യൂട്ടർ സാങ്കേതികവിദ്യയിൽ, ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന മദ്ധ്യവർത്തി സംവിധാനങ്ങളുടെ രൂപകല്പനയിൽ
അടിസ്ഥാനപരമായ പ്രാധാന്യമുള്ള ഒരു ആശയമാണു് മോണോലിത്തിക് കെർണൽ. ഇത്തരം കെർണൽ ഉപയോഗിക്കുന്ന
ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ അവയുടെ മിക്കവാറും എല്ലാ ധർമ്മങ്ങളും നിറവേറ്റുന്നതു്
പൊതുവേ സ്ഥിരമായ ഒരൊറ്റ കെർണൽ ആയിരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വ്യത്യസ്ത സാഹചര്യങ്ങൾക്കനുസരിച്ച് രൂപഭേദം വരുത്താനാവാത്ത ഒരു
'സ്ഥിരം' സംവിധാനമാണു് മോണോലിത്തിക്
കെർണലുകൾ ഉപയോഗിക്കുന്ന ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം.
ഒരു മോണോലിത്തിക് കെർണൽ ഓപ്പറേറ്റിംഗ്സിസ്റ്റം
ഹാർഡ്‌വെയറിനും ആപ്ലിക്കേഷനുകൾക്കും ഇടയിൽ ഒരൊറ്റ ഖണ്ഡമായി നിലനിന്നു് അവയ്ക്കിടയിൽ
ഒരു സുതാര്യമായ ഇന്റർഫേസുണ്ടാക്കുന്നു. പ്രോസസ് നിയന്ത്രണം, ക്രിയകളുടെ മുൻഗണനാക്രമം, മെമ്മറിയുടെ
നിയന്ത്രണവും മേൽനോട്ടവും, തുടങ്ങിയ ജോലികളെല്ലാം ഈ മുഖ്യകാമ്പിന്റെ
ഉള്ളിൽ അടങ്ങുന്ന ഭാഗങ്ങളായിരിക്കും. ആവശ്യമെങ്കിൽ ഇതിൽ പ്രത്യേക ധർമ്മങ്ങളുള്ള മറ്റു
ഡ്രൈവറുകൾ (ഉപകരണഭാഷാ വ്യാഖ്യാനത്തിനുള്ള താരതമ്യേന ലഘുവും വിശിഷ്ടവുമായ പ്രോഗ്രാമുകൾ)
ഉപഘടങ്ങളാക്കി വിളക്കിച്ചേർക്കാൻ സാധിക്കും.
കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന
മൈക്രോസൊഫ്റ്റ് വിൻഡോസ്, ഉബുണ്ടു, ഫെഡോറ തുടങ്ങിയ മദ്ധ്യവർത്തി സംവിധാനങ്ങളെയാണു് പൊതുവേ ഓപ്പറേറ്റിങ്ങ്
സിസ്റ്റം എന്നു വിളിക്കുന്നതു്. നാം നമ്മുടെ ആവശ്യപൂർത്തിയ്ക്കുപയോഗിക്കുന്ന പ്രോഗ്രാമുകളെ
ആപ്ലിക്കേഷനുകൾ എന്നും വിളിക്കുന്നു. ഉദാഹരണം: ഫയർഫോക്സ്, എക്സൽ, ഓപ്പൺ ഓഫീസ്, ഫോട്ടോഷോപ്പ് തുടങ്ങിയവ). (Lower – 1320)
യഥാർത്ഥത്തിൽ ഒരു പ്രോഗ്രാമിന്റെ
ആന്തരപ്രവർത്തനങ്ങൾ നടക്കുന്നതു് കമ്പ്യൂട്ടറിന്റെ ഇലക്ട്രോണിക് ഘടകങ്ങളിൽ (ഹാർഡ്‌വെയർ)
ആണു്. ഹാർഡ്‌വെയർ ഘടകങ്ങൾക്കും ആപ്ലിക്കേഷനുകൾക്കും ഇടയ്ക്കുള്ള മദ്ധ്യവർത്തി പ്രോഗ്രാമുകളുടെ
ഒരുമിച്ചുള്ള രൂപമാണു് ഓപ്പറേറ്റിങ്ങ് സിസ്റ്റം.
ആപ്ലിക്കേഷനുകൾ ഹാർഡ്‌വെയറുമായി
സംവദിക്കുന്നതു് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലൂടെയാണു്. ഒരേ ജോലി ചെയ്യാവുന്ന, പക്ഷേ വ്യത്യസ്ത വിധങ്ങളിലോ നിർമ്മാതാക്കളാലോ നിർമ്മിച്ചിട്ടുള്ള
ഹാർഡ്‌വെയർ ഘടകങ്ങൾ ഉണ്ടായെന്നു വരാം. പക്ഷേ,
ഇത്തരം വ്യത്യാസങ്ങൾ
ആപ്ലിക്കേഷനുകളുടെ പ്രവർത്തനത്തെ നേരിട്ടു ബാധിക്കേണ്ടതില്ല. ഓപ്പറേറ്റിങ്ങ് സിസ്റ്റം
ഇവയ്ക്കിടയിൽ നിലനിന്നു് ഇവ പരസ്പരം കൈമാറുന്ന നിർദ്ദേശങ്ങൾ ആവശ്യാനുസരണം വ്യാഖ്യാനിച്ചുകൊടുക്കുകയാണു
ചെയ്യുന്നതു്.
(Higher – 2003) ഇത്തരം വ്യാഖ്യാനം
നടത്തുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ മുഖ്യഭാഗത്തിനെ അതിന്റെ കാമ്പ് അല്ലെങ്കിൽ
കെർണെൽ എന്നു വിളിക്കാം.
Friday, September 28, 2012
KGTE Malayalam Word Processing - October 2012 - Speed Question - 3
കമ്പിത്തപാൽ
ഭൂതലത്തിലൂടെ കമ്പികൾ വലിച്ചുകെട്ടി
അവയിലൂടെ പ്രത്യേകം ക്രോഢീകരിച്ച കോഡുകളിലുള്ള സന്ദേശങ്ങൾ പ്രസാരണം ചെയ്തുകൊണ്ട് വാർത്താവിനിമയം
നടത്തിപ്പോന്ന രീതി. ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരങ്ങൾക്കും വെവ്വേറെ കോഡുകൾ ഇതിൽ
ഉപയോഗിച്ചിരുന്നു. അയക്കുന്നിടത്ത് അക്ഷരങ്ങളെ കോഡുകളാക്കി മാറ്റിയും സ്വീകരിക്കുന്നിടത്ത്
അവയെ തിരികെ വാക്കുകളാക്കി എഴുതിയും ആണ് ഇത് സാധിച്ചുപോന്നത്. രണ്ടു സ്ഥലത്തും ഒരുപോലെ
ഉപയോഗിക്കാവുന്ന ലളിതമായ ഒരു യന്ത്രമേ ഇതിന്നാവശ്യമുണ്ടായിരുന്നുള്ളൂ. ഏറെക്കാലം പ്രചാരത്തിലിരുന്നെങ്കിലും
പിൽക്കാലത്ത് ടെലിഫോണിന്റെ പ്രചാരത്തോടെ ഇത് അസംഗതമാകുകയും അപ്രത്യക്ഷമാകുകയും ചെയ്തു.
എങ്കിലും വിദൂരവാർത്തവിനിമയരംഗത്തെ ഒരു കുതിച്ചുചാട്ടം തന്നെയായിരുന്നു ഇത്.
ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ
കമ്പി വരിക എന്നു വച്ചാൽ എന്തോ അത്യാഹിതം സംഭവിച്ചപോലെയായിരുന്നു. പലപ്പോഴും ദൂരെ നിന്നുള്ള
മരണ വാർത്തകൾ ബന്ധുക്കളെ പെട്ടെന്നു തന്നെ അറിയിക്കാനാണ് ഇതു കൂടുതലായും ഉപയോഗിച്ചിരുന്നത്.
അതുകൊണ്ട് നാട്ടിൻപുറങ്ങളിൽ കമ്പിശിപായി എത്തിയാൽ ആ വാർത്ത കാട്ടുതീ പോലെ പടർന്നെത്തുമായിരുന്നു.
ഇംഗ്ലീഷ് വായിക്കാനറിയാതിരുന്ന നാട്ടിൻപുറത്തുകാർ കമ്പിയിലെ വാർത്ത തെറ്റി വായിച്ച്
തമാശകളും ദുരിതങ്ങളും സംഭവിച്ചുപോയ കഥകളും വിരളമല്ല.
മറ്റെല്ലാ കണ്ടുപിടുത്തങ്ങളേയും
പോലെ ഇതും യുദ്ധകാര്യങ്ങൾക്കാണ് ഏറ്റവും ആദ്യം കാര്യക്ഷമമായി ഉപയോഗിക്കപ്പെട്ടത്. പിൽകാലത്ത്
പൊതുജനത്തിന് ഉപയോഗിക്കാൻ ലഭ്യമായപ്പോഴും മിക്കവാറും (Lower – 1264) രാജ്യങ്ങളിൽ അതത് സർക്കാറുകളുടെ നടത്തിപ്പിലായിരുന്നു കമ്പിത്തപാൽ
പ്രവർത്തിച്ചുപോന്നത്. അവയുടെ നടത്തിപ്പിനും അതിനുള്ള സംവിധാനങ്ങളുടെ പരിരക്ഷക്കുമായി
പ്രത്യേകം നിയമങ്ങൾ തന്നെ സർക്കാറുകൾ പാസ്സാക്കിയിരുന്നു. ഇന്ത്യയിൽ, ലാഭകരമല്ലാതായി പ്രവർത്തനം നിലക്കുന്നതിനു തൊട്ടു മുൻപുവരെ അത്
തപാൽ വകുപ്പിൻ കീഴിലാണ് പ്രവർത്തിച്ചുപോന്നത്. പിന്നീട് ടെലിഫോണിനും കമ്പിത്തപാലിനും
മാത്രമായി ഒരു വകുപ്പും ഉണ്ടായിവന്നു.
കമ്പിയാഫീസിൽ ചെന്ന് വാങ്ങുന്ന
അപേക്ഷാഫാറത്തിൽ കമ്പി അടിക്കേണ്ട മേൽ വിലാസവും അയക്കേണ്ട വിവരവും കുറിച്ചുകൊടുത്താൽ
അവിടത്തെ ഉദ്യോഗസ്ഥർ അതിലെ വാക്കുകളുടെ എണ്ണം നോക്കി അതയക്കാൻ വേണ്ട തുക കണക്കാക്കി
പറയുകയായിരുന്നു പതിവ്. കേരളത്തിൽ നന്ന് ദൽഹി,കൊൽക്കൊത്ത
തുടങ്ങിയ ദൂരസ്ഥലങ്ങളിലേക്കും തിരികേയും അയക്കുന്ന കമ്പികൾ കിട്ടാൻ ആദ്യകാലങ്ങളിൽ ഒന്നിൽ
കൂടുതൽ ദിവസങ്ങൽ തന്നെ എടുക്കുമായിരുന്നു. അന്ന് പല സ്ഥലങ്ങളിലൂടെ പുനർപ്രേഷണം ചെയ്യപ്പെട്ടാണ്
അവ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയിരുന്നത്. (Higher – 2120)
KGTE Malayalam Word Processing - October 2012 - Speed Question - 2
ടെലിഫോൺ
ശബ്ദം (മുഖ്യമായും സംഭാഷണം)
ഒരേ സമയത്ത് അയയ്ക്കുവാനും സ്വീകരിക്കുവാനും വേണ്ടി രൂപകല്പന ചെയ്ത ഉപകരണമാണ് ടെലിഫോൺ
അഥവാ ദൂരഭാഷണി. മനുഷ്യശബ്ദത്തിന്റെ ശബ്ദതരംഗങ്ങളെ വിദ്യുച്ഛക്തിസംബന്ധമായ കറന്റിന്റെ
പൾസുകളാക്കി രൂപാന്തരപ്പെടുത്തിക്കൊണ്ട് അത് സംപ്രേക്ഷണം ചെയ്യുകയും, പിന്നീട് ഇതേ കറന്റിനെ ശബ്ദമാക്കി പുന:സൃഷ്ടിക്കുകയും ചെയ്യുന്നു.
ടെലിഫോണുകൾ പ്രവർത്തിക്കുന്നത് വിദ്യുത്-തരംഗങ്ങളുടെയും സങ്കീർണ്ണമായ ടെലിഫോൺ ശൃംഖലകളുടെയും
സഹായത്തോടെയാണ്.ശബ്ദം കടത്തിവിടുന്നതിനായി വികസിപ്പിച്ചെടുത്ത ടെലിഫോൺ ശൃഖലകൾ ഇന്ന്
ശബ്ദത്തിനു പുറമേ മറ്റു വിവരങ്ങൾ കൈമാറുന്നതിനും, കമ്പ്യൂട്ടറുകൾ
തമ്മിൽ ബന്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്.
മനുഷ്യർ സംസാരിക്കുമ്പോൾ ശ്വാസകോശത്തിൽ
നിന്നും വായു പുറം തള്ളപ്പെടുകയും, ചുണ്ടുകളും നാക്കും ശ്വാസനാളവും
അനങ്ങുകയും ശബ്ദം പുറപ്പെടുവിക്കപ്പെടുകയും ചെയ്യുന്നു. ശബ്‌ദ തരംഗങ്ങൾ വായുവിലുടെ
സഞ്ചരിച്ച് ശ്രോതാവിന്റെ ചെവിക്കുള്ളിൽ എത്തി ശ്രോതാവിന് കേൾവിയുടെ ചേതന ഉളവാക്കുകയും
ചെയ്യുന്നു. ശബ്‌ദത്തിനൊരു പരിമിതിയുണ്ട്. എത്ര ദൂരം ശബ്‌ദം വായുവിലൂടെ സഞ്ചരിക്കുമെന്നത്, ആ തരംഗങ്ങളുടെ ഉച്ചത്തെയും തീക്ഷ്ണതയെയും ആശ്രയിച്ചിരിക്കും.
ഒരു ആൾക്കൂട്ടത്തോട് സംസാരിക്കുകയാണെങ്കിൽ വളരെ ഉച്ചത്തിൽ എല്ലാവർക്കും കേൾക്കത്തക്ക
രീതിയിൽ സംസാരിക്കേണ്ടി വരും. അല്ലെങ്കിൽ ഒരു ഇലക്ട്രിക്കൽ ആമ്പ്ലിഫിക്കേഷന്റെ സഹായം
വേണ്ടി വരും. ഉദാഹരണത്തിന് ഒരു വല്യ മീറ്റിംഗിൽ സംസാരിക്കാൻ മൈക്രോഫോൺ വേണം, അടുത്ത പട്ടണത്തിലുള്ള സുഹൃത്തുമായി സംസാരിക്കാൻ ടെലിഫോൺ വേണം. (Lower – 1319) മൈക്രോഫോണും ടെലിഫോണും ശബ്ദത്തെ വഹിക്കുവാനും ശബ്ദത്തിന്റെ
ഉച്ചത വർദ്ധിപ്പിക്കുവാനും ഉള്ള ഉപകരണങ്ങളുടെ ഉദാഹരണങ്ങളാണ്. ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങൾ
ശബ്ദ തരംഗങ്ങളെ വൈദ്യുത തരംഗങ്ങൾ അല്ലെങ്കിൽ വോൾട്ടേജുകളായി മാറ്റി അവയെ ശബ്ദത്തിന്റെ
പരിമിതികളെ അതിജീവിക്കാൻ പ്രാപ്തമാക്കുന്നു.
വീടുകളിലും ഓഫീസുകളിലുമൊക്കെ
ഇപ്പോഴും ഉപയോഗിക്കപ്പെടുന്ന അനലോഗ് ഫോൺ സിസ്റ്റം, ടെലിഫോൺ
കണ്ടുപിടിച്ച അലക്സാണ്ടർ ഗ്രഹാം ബെൽ സ്ഥാപിച്ച കമ്പനിയുടെ അനന്തരഗാമിയാണ്. "വിസിബിൾ
സ്പീച്ച്" എന്ന അക്ഷരമാല ഉപയോഗിച്ച് ബധിരരെ സംസാരിക്കാൻ പഠിപ്പിക്കുന്ന അദ്ധ്യാപകനായിരുന്നു
ഗ്രഹാം ബെൽ. അദ്ദേഹത്തിന് ടെലിഗ്രാഫ് യന്ത്രം പരിഷ്കരിച്ച് കേബിളിലൂടെ ഒരേ സമയം ഒന്നിൽ
കൂടുതൽ സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുന്ന ഒരു മൾട്ടിപ്പിൾ ടെലിഗ്രാഫ് വികസിപ്പിച്ചെടുക്കണമെന്ന്
താല്പര്യമുണ്ടായിരുന്നു. (Higher – 2043) അതിനായുള്ള അദ്ദേഹത്തിന്റെ
പല പരീക്ഷണങ്ങൾക്കിടയിൽ, വൈദ്യുത കറന്റ് രൂപഭേദപ്പെടുത്തിയാൽ
മനുഷ്യന്റെ ശബ്‌ദത്തിനു സദൃശ്യമായ കമ്പനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം കണ്ടുപിടിച്ചു.
പരീക്ഷണാർത്ഥം അദ്ദേഹം മെർക്യുറി കപ്പുകളും ട്യൂണിംഗ് ഫോർക്കുകളും ഉപയോഗിച്ച് ഒരു ഉപകരണം
ഉണ്ടാക്കുകയും അത് വച്ച് പരീക്ഷണങ്ങൾ തുടരുകയും ചെയ്തു.
KGTE Malayalam Word Processing October 2012 - Speed Question - 1
മൊബൈൽ ഫോൺ
കൊണ്ടുനടക്കാൻ പറ്റുന്ന ദൂരഭാഷിണിയെ
മൊബൈൽ ഫോൺ എന്നു പറയുന്നു.സെല്ലുലാർ ഫോൺ എന്നതിന്റെ ചുരുക്കപ്പേരായി സെൽ ഫോൺ എന്നും
വിളിക്കാറുണ്ട്. ഒരു സെല്ലുലാർ നെറ്റ്‌വർക്ക് ഉപയോഗിച്ച് രണ്ടു വഴി റേഡിയോ ടെലികമ്യൂണിക്കേഷൻ
സാദ്ധ്യമാക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെയാണ് സെൽ ഫോണുകൾ അഥവാ മൊബൈൽ ഫോണുകൾ എന്നു
വിളിക്കുന്നത്. കോഡ്‌ലെസ്സ് ഫോണുകളിൽ നിന്നും വ്യത്യസ്തമായ പ്രവർത്തന രീതിയാണ് മൊബൈൽ
ഫോണുകളുടേത്. ലാൻഡ് ലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള ബേസ് സ്റ്റേഷനിൽ നിന്നു ഒരു നിശ്ചിത
ദൂര പരിധിയിൽ നിന്നു കൊണ്ടു മാത്രമേ കോഡ്‌ലെസ് ഫോണുകൾ പ്രവർത്തിക്കാനാകൂ.
പബ്ലിക് ടെലഫോൺ നെറ്റ്‌വർക്ക്
മുഖേന ലോകത്തെമ്പാടുമുള്ള മൊബൈൽ, ലാന്റ് ലൈൻ ഉപയോക്താക്കളുമായി
ടെലിഫോൺ കോളുകൾ സ്വീകരിക്കുന്നതിനും, വിളിക്കുന്നതിനും മൊബൈൽ ഫോണുകൾ
സഹായിക്കുന്നു. ഒരു മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്ററുടെ കീഴിലുള്ള സെല്ലുലാർ നെറ്റ്‌വർക്കുമായി
ബന്ധിച്ചാണ് ഇതു സാദ്ധ്യമാകുന്നത്. ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ഉപയോക്താക്കൾ സഞ്ചരിക്കുകയാണെങ്കിൽ
പോലും ഇടമുറിയാതെയുള്ള ഫോൺ കോളൂകൾ ചെയ്യുന്നതിനു സാദ്ധ്യമാകുന്നു എന്നതാണ്. ഹാന്റ്ഓഫ്
അല്ലെങ്കിൽ ഫാന്റോവർ എന്നൊരു സാങ്കേതികവിദ്യയിലൂടെയാണിത് സാദ്ധ്യമാകുന്നത്.
ഫോൺ വിളിക്കുക എന്നതിനപ്പുറം
ഇന്നത്തെ മൊബൈൽ ഫോണുകൾ മറ്റനവധി സേവനങ്ങളും കൂടി ഉപയോക്താവിനു നൽകുന്നുണ്ട്. എസ്.എം.എസ്., ഇമെയിൽ,ഇന്റർനെറ്റ്, കളികൾ, ബ്ലൂടൂത്ത്, ഇൻഫ്രാറെഡ്. ക്യാമറ,എം.എം.എസ്., എം.പി3, ജി.പി.എസ്. എന്നിവ അവയിൽ ചില
സേവനങ്ങളിൽ പെടുന്നു. (Lower – 1265) വളരെ പരിമിതമായ
സൗകര്യങ്ങളോടു കൂടി മൊബൈൽ ഫോണുകൾ ഫീച്ചർ ഫോണുകളെന്നും ഉയർന്ന ശേഷിയുള്ള മൊബൈൽ ഫോണുകൾ
സ്മാർട്ട് ഫോണുകളെന്നും അറിയപ്പെടുന്നു.
1973-ൽ മോട്ടറോളയിലെ ഡോ: മാർട്ടിൻ ഹൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു
നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. അതിനന്ന്
2 കിലോഗ്രാം ഭാരമുണ്ടായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള
ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000എക്സ് എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും
124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. 20 വർഷം കഴിയുന്നതിനു മുൻപ് 2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും
വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു. (Higher – 2066)
Subscribe to:
Posts (Atom)

