Friday, September 28, 2012

KGTE Malayalam Word Processing - October 2012 - Speed Question - 2


ടെലിഫോൺ
ശബ്ദം (മുഖ്യമായും സംഭാഷണം) ഒരേ സമയത്ത് അയയ്ക്കുവാനും സ്വീകരിക്കുവാനും വേണ്ടി രൂപകല്പന ചെയ്ത ഉപകരണമാണ് ടെലിഫോൺ അഥവാ ദൂരഭാഷണി. മനുഷ്യശബ്ദത്തിന്റെ ശബ്ദതരംഗങ്ങളെ വിദ്യുച്ഛക്തിസംബന്ധമായ കറന്റിന്റെ പൾസുകളാക്കി രൂപാന്തരപ്പെടുത്തിക്കൊണ്ട് അത് സം‌പ്രേക്ഷണം ചെയ്യുകയും, പിന്നീട് ഇതേ കറന്റിനെ ശബ്ദമാക്കി പുന:സൃഷ്ടിക്കുകയും ചെയ്യുന്നു. ടെലിഫോണുകൾ പ്രവർത്തിക്കുന്നത് വിദ്യുത്-തരംഗങ്ങളുടെയും സങ്കീർണ്ണമായ ടെലിഫോൺ ശൃംഖലകളുടെയും സഹായത്തോടെയാണ്.ശബ്ദം കടത്തിവിടുന്നതിനായി വികസിപ്പിച്ചെടുത്ത ടെലിഫോൺ ശൃഖലകൾ ഇന്ന് ശബ്ദത്തിനു പുറമേ മറ്റു വിവരങ്ങൾ കൈമാറുന്നതിനും, കമ്പ്യൂട്ടറുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്.
മനുഷ്യർ സംസാരിക്കുമ്പോൾ ശ്വാസകോശത്തിൽ നിന്നും വായു പുറം തള്ളപ്പെടുകയും, ചുണ്ടുകളും നാക്കും ശ്വാസനാളവും അനങ്ങുകയും ശബ്ദം പുറപ്പെടുവിക്കപ്പെടുകയും ചെയ്യുന്നു. ശബ്‌ദ തരംഗങ്ങൾ വായുവിലുടെ സഞ്ചരിച്ച് ശ്രോതാവിന്റെ ചെവിക്കുള്ളിൽ എത്തി ശ്രോതാവിന് കേൾവിയുടെ ചേതന ഉളവാക്കുകയും ചെയ്യുന്നു. ശബ്‌ദത്തിനൊരു പരിമിതിയുണ്ട്. എത്ര ദൂരം ശബ്‌ദം വായുവിലൂടെ സഞ്ചരിക്കുമെന്നത്, ആ തരംഗങ്ങളുടെ ഉച്ചത്തെയും തീക്ഷ്ണതയെയും ആശ്രയിച്ചിരിക്കും. ഒരു ആൾക്കൂട്ടത്തോട് സംസാരിക്കുകയാ‍ണെങ്കിൽ വളരെ ഉച്ചത്തിൽ എല്ലാവർക്കും കേൾക്കത്തക്ക രീതിയിൽ സംസാരിക്കേണ്ടി വരും. അല്ലെങ്കിൽ ഒരു ഇലക്ട്രിക്കൽ ആമ്പ്ലിഫിക്കേഷന്റെ സഹായം വേണ്ടി വരും. ഉദാ‍ഹരണത്തിന് ഒരു വല്യ മീറ്റിംഗിൽ സംസാരിക്കാൻ മൈക്രോഫോൺ വേണം, അടുത്ത പട്ടണത്തിലുള്ള സുഹൃത്തുമായി സംസാരിക്കാൻ ടെലിഫോൺ വേണം. (Lower 1319) മൈക്രോഫോണും ടെലിഫോണും ശബ്ദത്തെ വഹിക്കുവാനും ശബ്ദത്തിന്റെ ഉച്ചത വർദ്ധിപ്പിക്കുവാനും ഉള്ള ഉപകരണങ്ങളുടെ ഉദാഹരണങ്ങളാണ്. ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങൾ ശബ്ദ തരംഗങ്ങളെ വൈദ്യുത തരംഗങ്ങൾ അല്ലെങ്കിൽ വോൾട്ടേജുകളായി മാറ്റി അവയെ ശബ്ദത്തിന്റെ പരിമിതികളെ അതിജീവിക്കാൻ പ്രാപ്തമാക്കുന്നു.
വീടുകളിലും ഓഫീസുകളിലുമൊക്കെ ഇപ്പോഴും ഉപയോഗിക്കപ്പെടുന്ന അനലോഗ് ഫോൺ സിസ്റ്റം, ടെലിഫോൺ കണ്ടുപിടിച്ച അലക്സാണ്ടർ ഗ്രഹാം ബെൽ സ്ഥാപിച്ച കമ്പനിയുടെ അനന്തരഗാമിയാണ്. "വിസിബിൾ സ്പീച്ച്" എന്ന അക്ഷരമാല ഉപയോഗിച്ച് ബധിരരെ സംസാരിക്കാൻ പഠിപ്പിക്കുന്ന അദ്ധ്യാപകനായിരുന്നു ഗ്രഹാം ബെൽ. അദ്ദേഹത്തിന് ടെലിഗ്രാഫ് യന്ത്രം പരിഷ്കരിച്ച് കേബിളിലൂടെ ഒരേ സമയം ഒന്നിൽ കൂടുതൽ സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുന്ന ഒരു മൾട്ടിപ്പിൾ ടെലിഗ്രാഫ് വികസിപ്പിച്ചെടുക്കണമെന്ന് താല്പര്യമുണ്ടായിരുന്നു. (Higher 2043) അതിനായുള്ള അദ്ദേഹത്തിന്റെ പല പരീക്ഷണങ്ങൾക്കിടയിൽ, വൈദ്യുത കറന്റ് രൂപഭേദപ്പെടുത്തിയാൽ മനുഷ്യന്റെ ശബ്‌ദത്തിനു സദൃശ്യമായ കമ്പനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം കണ്ടുപിടിച്ചു. പരീക്ഷണാർത്ഥം അദ്ദേഹം മെർക്യുറി കപ്പുകളും ട്യൂണിംഗ് ഫോർക്കുകളും ഉപയോഗിച്ച് ഒരു ഉപകരണം ഉണ്ടാക്കുകയും അത് വച്ച് പരീക്ഷണങ്ങൾ തുടരുകയും ചെയ്തു.

No comments:

Post a Comment