Saturday, December 17, 2011

KGTE Malayalam Word Processing Model Question - 2

മോണ്ടിസോറി രീതി

കൊച്ചു കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരിഷ്കൃതമായ രീതിയും ശൈലിയും സമന്വയിപ്പിച്ച് അവിഷ്ക്കരിച്ച പുതിയ വിദ്യാഭ്യാസ രീതിയാണ് മോണ്ടിസോറി. ഇറ്റാലിയൻ ഡോക്ടറായിരുന്നു മരിയ മോണ്ടിസോറിയാണ് ഈ വിദ്യാഭാസരീതിയുടെ ഉപജ്ഞാതാവ്.സ്വാനുഭവത്തിൽ നിന്നുള്ള പാഠം ഉൽക്കൊണ്ടാണ് മോണ്ടിസോറി പുതിയ വിദ്യാഭ്യാസ രീതി ആവിഷ്ക്കരിച്ചത്. ഇത് മുപ്പതുകളിലും നാല്പ്പതുകളിലും ലോകത്ത് പലഭാഗത്തും അംഗീകരിക്കപ്പെട്ടു. ചെറിയ വിമർശനങ്ങളും മോണ്ടിസോറിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സ്വതന്ത്രവും വ്യക്തിഗതവുമായുള്ള സ്വാധ്യയനത്തിൽക്കൂടി മാത്രമേ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് മോണ്ടിസോറിയുടെ അടിസ്ഥാനസിദ്ധാന്തം. കുട്ടികളുടെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രബോധനോപകരണങ്ങൾ യഥേഷ്ടം കൈകാര്യം ചെയ്ത് സ്വാധ്യയനം നടത്തുന്നതിനുള്ള സാഹചര്യമാണ് മോണ്ടിസോറി സ്കൂളിൽ നല്കുന്നത്.വിദ്യാഭ്യാസരീതിയിൽ മോണ്ടിസോറി ചില പുതിയ തത്ത്വങ്ങൾ കൊണ്ടു വന്നു. മൂന്നു വയസ്സുമുതൽ ശാസ്ത്രീയമായ പഠനം ആരംഭിക്കണം, കുട്ടികൾക്ക് അനുയോജ്യമായ പഠനോപകരണങ്ങൾ ആവശ്യമാണ്, കുട്ടികളെ പ്രകൃതിയോട് സമന്വയിപ്പിച്ച ഒരു പഠനരീതി ആവിഷ്ക്കരിക്കുക എന്നിവയായിരുന്നു അവയിൽ ചിലത്. മോണ്ടിസോറിയുടെ പ്രശസ്തിക്കു മുഖ്യനിദാനം ബോധേന്ദ്രിയ പരിശീലന സിദ്ധാന്തമാണ്. ജഞാനസമ്പാദനത്തിന്റേയും സുഖജീവിതത്തിന്റേയും അടിസ്ഥാനം സംവേദനക്ഷമതയാണെന്നും അതിനാൽ ബോധേന്ദ്രിയങ്ങളെ ശരിയായി പരിശീലിപ്പിച്ച് അവയുടെ കൂർമതയും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കേണ്ടതാണെന്നും മോണ്ടിസോറി ഊന്നിപ്പറഞ്ഞു. ഇതിനുവേണ്ടി പ്രത്യേകോപകരണങ്ങൾ അവർ നിർമിച്ചിട്ടുണ്ട്.


മോണ്ടിസോറി സ്കൂളിൽ ടൈംടേബിളില്ല, അദ്ധ്യാപകരില്ല, ബോധനമില്ല; കളിക്കുവാനുള്ള ചില ഉപകരണങ്ങൾ മാത്രമുണ്ട്. അവ സ്വയംശോധകങ്ങളായ പ്രബോധനോപകരണങ്ങളാണ്. കുട്ടികൾ അവകൊണ്ടു കളിക്കുന്നു. കളിയിൽക്കൂടി പഠനം നടക്കുന്നു. അദ്ധ്യാപികയുടെ സ്ഥാനത്ത് നിർദേശികയാണ് ഉള്ളത്. അവർ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചുകൊണ്ട് പിന്നണിയിൽ കഴിയുന്നു. കുട്ടികളെ സ്വതന്ത്രരായി വിട്ടാൽ അവർ തിരഞ്ഞെടുത്തേക്കാവുന്ന പ്രവർത്തനക്രമത്തെ അടിസ്ഥാനമാക്കി ഗ്രേഡുകൾ നിശ്ചയിക്കുന്നു. ഏതു ഗ്രേഡിലെ പ്രവർത്തനങ്ങളിലേർപ്പെടുന്നതിനും കുട്ടികൾക്ക് സ്വാതന്ത്ര്യമുണ്ട്. മോണ്ടിസോറി സ്കൂളിൽ, വായിക്കുന്നതിന് മുമ്പാണ് എഴുതാൻ പഠിക്കുന്നത്. ചാലകവികാസം മാനസികവികാസത്തേക്കാൾ മുമ്പു നടക്കുന്നു എന്ന തത്ത്വമാണ് ഇതിന് ആധാരം. 'ചാലകസ്മൃതി'യുടെ സഹായത്തോടെ എഴുത്തു പഠിപ്പിക്കുന്നതിനാൽ കണ്ണടച്ചുകൊണ്ട് എഴുതുന്നതിനുപോലും കുട്ടികൾക്കു കഴിയും. അക്ഷരങ്ങളുടെ രൂപം പഠിക്കുന്നതിനു മണൽക്കടലാസിൽ വെട്ടിവച്ചിട്ടുള്ള അക്ഷരമാതൃകകളുടെമേൽ കുട്ടികൾ വിരലോടിക്കുന്നു. കടലാസിന്റെ പരുപരുപ്പ്, വിരലോട്ടത്തെ നിയന്ത്രിക്കുന്നു. അക്ഷരരൂപം പഠിക്കുന്നതോടെ അതിന്റെ ശബ്ദം അവരെ പഠിപ്പിക്കുന്നു. വെട്ടിവച്ച അക്ഷരങ്ങൾ ചേർത്ത് വാക്കുകളുണ്ടാക്കുന്നു. ഈ പ്രാരംഭപരിശീലനങ്ങൾ ലഭിച്ച കുട്ടി അറിയാതെ തന്നെ എഴുതിത്തുടങ്ങും. അവനിൽ എഴുത്തു 'പൊട്ടിപ്പുറപ്പെടുന്നു.' അക്ഷരങ്ങൾ എഴുതാൻ പഠിച്ചു കഴിഞ്ഞാൽ വാക്കുകൾ എഴുതിയിട്ടുള്ള കാർഡുകൾ നല്കുന്നു. കുട്ടി അതിലെ അക്ഷരങ്ങൾ ഓരോന്നായി വായിക്കുന്നു. അവയെ ചേർത്ത് തുടർച്ചയായി വേഗത്തിൽ വായിക്കുവാൻ ആവശ്യപ്പെടുന്നതോടെ ഒറ്റതിരിഞ്ഞു നില്ക്കുന്ന അക്ഷരങ്ങളുടെ നിരർഥകശബ്ദങ്ങൾ കൂടിച്ചേർന്ന് സാർഥകമായ പദങ്ങളായിത്തീരുന്നകാര്യം അവന് അനുഭവപ്പെടുന്നു. അർത്ഥബോധത്തോടെ വായിക്കുവാൻ കുട്ടികളെ പഠിപ്പിക്കുന്നതിന് ആജ്ഞകൾ എഴുതിയിട്ടുള്ള കാർഡുകൾ നല്കുകയും ആജ്ഞാനുസരണമുള്ള കൃത്യം ചെയ്യുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. വായന ആശയഗ്രഹണത്തിനുള്ളതാകയാൽ അത് മാനസിക പ്രവർത്തനമാകണം; വാച്യമായാൽ പോരാ. [LOWER - 258]


കണക്ക് തുടങ്ങിയ വിഷയങ്ങൾക്കും കളിരീതിയിലുള്ള അദ്ധ്യയനമാർഗങ്ങൾ സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഉയർന്ന ക്ളാസ്സുകളിൽ വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നതിനുള്ള രീതികളും മോണ്ടിസോറി ആവിഷ്കരിച്ചു. എന്നാൽ അവ അധികം പ്രചരിച്ചു കാണുന്നില്ല. 2 മുതൽ 7 വരെ വയസ്സുള്ള കുട്ടികൾക്കായുള്ള വിദ്യാലയങ്ങളിലാണ് മോണ്ടിസോറിരീതിക്ക് കൂടുതലായി പ്രചാരമുള്ളത്. [288]


Saturday, December 10, 2011

കെ.ജി.ടി.ഇ. മലയാളം വേഡ്പ്രോസസിംഗ് പരീക്ഷ ഇന്‍സ്ക്രിപ്റ്റ് കീബോഡില്‍ നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം തന്നെയാണ് ശരി. കാരണം, ഇന്‍സ്ക്രിപ്റ്റ് കീബോഡ് ദേശീയ തലത്തില്‍ അംഗീകരിച്ചതും ഉപയോഗിക്കാന്‍ ഏറെ എളുപ്പമുള്ളതുമാണ്. മലയാളം ടൈപ്പ്റൈറ്റര്‍ കീബോഡ് ശാസ്ത്രീയമായ രീതിയിലല്ല ക്രമീകരിച്ചിരിക്കുന്നത്. ടൈപ്പ്റൈറ്ററില്‍ ഇത് ശരിയായ ക്രമീകരണമായിരിക്കാം. ടൈപ്പ് ബാറുകള്‍ ഒന്നിനു മുകളില്‍ മറ്റൊന്നായി പതിയാതിരിക്കനാണ് ഇത്തരത്തില്‍ കീ ബോഡ് ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം പരിമിതികളൊന്നും കംപ്യൂട്ടറിനില്ലല്ലോ. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഡാക് വികസിപ്പിച്ചെടുത്ത ഇന്‍സ്ക്രിപ്റ്റ് കീബോഡ് ആണ് കംപ്യൂട്ടറില്‍ മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകള്‍ ടൈപ്പ് ചെയ്യുന്നതിന് ഉപയോഗിക്കുന്നത്. ഇത് ഇന്നൊരു സ്റ്റാന്‍ഡേര്‍ഡ് കീബോഡ് ലേഔട്ട് ആയി മാറിയിരിക്കുന്നു. ഇന്‍സ്ക്രിപ്റ്റ് കീബോഡില്‍ സ്വരാക്ഷരങ്ങള്‍ ഇടതു വശത്തും വ്യഞ്ജനാക്ഷരങ്ങള്‍ വലതു വശത്തുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് മലയാളത്തിന് മാത്രമുള്ള ഒരു കീബോഡ് ലേഔട്ട് അല്ല. ഇടതു നിന്നും വലത്തോട്ടെഴുതുന്ന എല്ലാ ഇന്ത്യന്‍ ഭാഷകളും ഈ കീബോഡ് ആണ് ഉപയോഗിക്കുന്നത്. അതു കൊണ്ട് ഏതെങ്കിലും ഒരു ഇന്ത്യന്‍ ഭാഷയില്‍ ടൈപ്പ് ചെയ്യാനറിയുന്ന ഒരാള്‍ക്ക് മറ്റ് ഏതൊരു ഇന്ത്യന്‍ ഭാഷയും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയും.

മുമ്പ് കംപ്യൂട്ടറുകളില്‍ മലയാളം ടൈ‌പ്പ് ചെയ്യുന്നതിന് സിഡാക് വികസിപ്പിച്ചെടുത്ത ISM എന്ന സേഫ്റ്റ്‌വെയറാണ് ഉപയോഗിച്ചിരുന്നത്. ഇതില്‍ ഇന്‍സ്ക്രിപ്റ്റ് കീബോഡ് കൂടാതെ Malayalam Typewriter, Phonetic English എന്നീ കിബോഡുകളും ലഭ്യമായിരുന്നു. എന്നാല്‍ ഇന്ന് ASCII യെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ISM ന് പകരം പ്രമുഖ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെല്ലാം യുണീക്കോഡ് സപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുണിക്കോഡില്‍ ഇന്‍സ്ക്രിപ്റ്റ് കീബോഡ് ആണ് ഡിഫോള്‍ട്ട് ആയി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ അറിവും സമ്മതവും ഇതിനുണ്ട്.
കംപ്യുട്ടറില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് കീബോഡ് ഇന്‍സ്ക്രിപ്റ്റ് ആണ്. അതുകൊണ്ട് തന്നെ കെ.ജി.ടി.ഇ. മലയാളം വേര്‍ഡ് പ്രോസസിംഗ് പരീക്ഷ ഇന്‍സ്ക്രിപ്റ്റില്‍ തന്നെയാണ് നടത്തേണ്ടത്. ഉബുണ്ടു ലിനക്സ് പോലുള്ള ആധുനിക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ മലയാളം ടൈപ്പ് റൈറ്റര്‍ കീബോഡ് ലഭ്യമല്ല. മിക്കവാറും സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം ഇപ്പോള്‍ ലിനക്സ് ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് പി.എസ്.സി. കിട്ടി ടൈപ്പിസ്റ്റ് ആകുന്ന ഒരാള്‍ ഇന്‍സ്ക്രിപ്റ്റ് പഠിക്കാന്‍ നിര്‍ബന്ധിതനാകും. ഇപ്പോള്‍ ടൈപ്പിസ്റ്റായി ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇന്‍സ്ക്രിപ്റ്റ് ആണ് ഉപയോഗിക്കുന്നത്. കാലത്തിനൊത്ത് മാറാന്‍ തയ്യാറാകാതെ ഇപ്പോഴും ടൈപ്പ്റൈറ്ററുകളും കെട്ടിപ്പിടിച്ചിരിക്കുന്ന ചുരുക്കം ചിലര്‍ മാത്രമാണ് ഇപ്പോഴും ടൈപ്പ്റൈറ്റര്‍ കീബോഡ് ഉപയോഗിക്കുന്നത്. ഐ.ടി.@സ്കൂളില്‍ യു.പി. മുതല്‍ ഹൈസ്കൂള്‍ വരെ വിദ്യാര്‍ത്ഥികള്‍ ഇന്‍സ്ക്രിപ്റ്റ് പഠിക്കുന്നുണ്ട്. സംസ്ഥാന ഐ.ടി. മേളയില്‍ മലയാളം ടൈപ്പിംഗ് മത്സരം നടത്തുന്നതും ഇന്‍സ്ക്രിപ്റ്റില്‍ ആണ്. പ്രമുഖ മലയാള പത്രങ്ങളെല്ലാം ഇന്‍സ്ക്രിപ്റ്റ് ആണ് ഉപയോഗിക്കുന്നത്.